ആദ്യവിവാഹം വേർപെടുത്താതെയുള്ള രണ്ടാം വിവാഹം അസാധുവെങ്കിലും ഭാര്യക്ക് ജീവനാംശത്തിന് അർഹത: ഹൈക്കോടതി
ന്യൂഡൽഹി: ആദ്യവിവാഹം നിയമപരമായി വേർപെടുത്താത്തതിനാൽ രണ്ടാം വിവാഹം അസാധുവാണെന്ന് കണ്ടെത്തിയാലും അശരണയായ സ്ത്രീക്ക് ജീവനാംശം നൽകാൻ ഭർത്താവിന് ബാധ്യതയുണ്ടെന്ന് ഡൽഹി ഹൈക്കോടതി. വിവാഹം അസാധുവാണെന്ന കുടുംബ കോടതി വിധി ശരിവെച്ചെങ്കിലും സാമ്പത്തികമായി ഒന്നുമില്ലാത്ത സ്ത്രീക്ക് ജീവനാംശം നിഷേധിക്കുന്നത് വലിയ അനീതിക്കും ദുരിതത്തിനും കാരണമാകുമെന്ന് കോടതി നിരീക്ഷിച്ചു. ഇതനുസരിച്ച് സ്ത്രീക്ക് പ്രതിമാസം 9000 രൂപ സ്ഥിരമായി ജീവനാംശം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു.
ജസ്റ്റിസുമാരായ വിവേക് ചൗധരി, രേണു ഭട്നാഗർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി. നിലവിൽ ഒരു വൃദ്ധസദനത്തിൽ കഴിയുന്ന ഹർജിക്കാരിക്ക് സ്വന്തമായി വരുമാനമാർഗ്ഗങ്ങളോ സ്വത്തോ കുടുംബത്തിന്റെ പിന്തുണയോ ഇല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അതേസമയം, എതിർകക്ഷിയായ ഭർത്താവ് വിരമിച്ച സർക്കാർ ജീവനക്കാരനാണെന്നും കൃത്യമായി പെൻഷൻ ലഭിക്കുന്നതിനാൽ സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലാണെന്നും കോടതി വിലയിരുത്തി. 'തന്റെ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയത് പ്രകാരം ഭർത്താവ് വിരമിച്ച സർക്കാർ ജീവനക്കാരനും നിലവിൽ വലിയ ബാധ്യതകൾ ഇല്ലാത്തയാളുമാണ്. അതിനാൽ സാമ്പത്തികമായി അദ്ദേഹം ഉയർന്ന നിലയിലാണ്. ഈ സാഹചര്യത്തിൽ ജീവനാംശം നിഷേധിച്ചാൽ അത് സ്ത്രീക്ക് വലിയ ദുരിതമായി മാറും. അതുകൊണ്ട് അന്തസ്സോടെ ജീവിക്കാൻ ഇവർക്ക് ന്യായമായ തുക നൽകേണ്ടതുണ്ട്,' കോടതി വ്യക്തമാക്കി.
2013 ജൂണിലായിരുന്നു ഇവരുടെ വിവാഹം. മുൻഭാര്യ മരിച്ചതിനെ തുടർന്ന് മൂന്ന് മക്കളുള്ള ഭർത്താവും നേരത്തെ വിവാഹിതയായ സ്ത്രീയുമാണ് ഹിന്ദു ആചാരപ്രകാരം വിവാഹിതരായത്. എന്നാൽ തന്റെ ആദ്യവിവാഹം 25 വർഷം മുൻപ് പഞ്ചായത്തിന് മുന്നിൽ വെച്ച് പരമ്പരാഗതമായ രീതിയിൽ വേർപെടുത്തിയതാണെന്നായിരുന്നു സ്ത്രീയുടെ വാദം. ആദ്യ ഭർത്താവുമായി കാൽനൂറ്റാണ്ടായി യാതൊരു ബന്ധവുമില്ലെന്നും ഇവർ വാദിച്ചു. എന്നാൽ നിയമപ്രകാരം ആദ്യവിവാഹം വേർപെടുത്താതെ നടത്തിയ രണ്ടാം വിവാഹം നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടി ഭർത്താവ് കുടുംബ കോടതിയെ സമീപിക്കുകയായിരുന്നു. ആദ്യവിവാഹത്തിലെ വിവാഹമോചനം തെളിയിക്കാൻ നിയമപരമായ രേഖകളില്ലാത്തതിനാൽ 2018 ജൂലൈയിൽ കുടുംബ കോടതി ഈ വിവാഹം അസാധുവാക്കി. ഇതിനെതിരെ സ്ത്രീ നൽകിയ അപ്പീലിലാണ് ഇപ്പോൾ ഡൽഹി ഹൈക്കോടതിയുടെ വിധി വന്നിരിക്കുന്നത്.