Select Location
All Locations
State
Region
City / District
വിഴിഞ്ഞത്ത് തുടർന്ന എം.ടി. സോളിസ് തീരം വിട്ടു; വാടക ഇനത്തിൽ ലഭിച്ചത് 30 ലക്ഷം രൂപ

വിഴിഞ്ഞത്ത് തുടർന്ന എം.ടി. സോളിസ് തീരം വിട്ടു; വാടക ഇനത്തിൽ ലഭിച്ചത് 30 ലക്ഷം രൂപ

വിഴിഞ്ഞം ∙ പുറംകടലിൽ അപകടത്തിൽ മീൻപിടിത്ത ബോട്ട് മുങ്ങിയ സംഭവത്തിനു ശേഷം മാർച്ച് 9 മുതൽ വിഴിഞ്ഞത്ത് തുടർന്ന എംടി സോളിസ് എന്ന വിദേശ കപ്പലിന് തീരം വിടുന്നതിന് അനുമതി. രാത്രി 7.30ന് കപ്പൽ കൊളംബോയിലേക്ക് തിരിച്ചു. കൊച്ചി മെർക്കന്റൈൽ മറൈൻ ഡിപ്പാർട്മെന്റ് ജോ. ഡിജി(ടെക്) പ്രിൻസിപ്പൽ ഓഫിസർ ജെ.സെന്തിൽ കുമാറാണ് എംടി സോളിസിന് യാത്രാനുമതി നൽകി ഉത്തരവിറക്കിയത്.

അപകടത്തിനുശേഷം കപ്പലുടമകളുൾപ്പെടെ ബന്ധപ്പെട്ടവർ തമ്മിലുള്ള ചർച്ചകളെത്തുടർന്നാണ് യാത്രാനുമതി. വിദേശ കപ്പൽ എത്തിയപ്പോൾ വാടക ഇനത്തിൽ 30 ലക്ഷം രൂപ വരുമാനം ലഭിച്ചതായി കേരള മാരിടൈം ബോർഡ് വിഴിഞ്ഞം തുറമുഖ പർസർ എസ്.വിനുലാൽ, അസി. പോർട്ട് കൺസർവേറ്റർ എം.എസ്.അജീഷ് എന്നിവർ അറിയിച്ചു. മടക്കയാത്രയ്ക്ക് തയാറായ കപ്പലിലേക്ക് ഇന്നലെ പലവ്യഞ്ജന ശേഖരം എത്തിച്ചതായി ബോർഡ് അധികൃതർ പറഞ്ഞു. കന്യാകുമാരിക്കടുത്തുള്ള കടലിൽ മാർച്ച് 7ന് ഉണ്ടായ അപകടത്തിൽ കൊല്ലം സ്വദേശിയുടെ സെന്റ് ജോസഫ് എന്ന ബോട്ടാണ് മുങ്ങിയത്. ബോട്ടിലുണ്ടായിരുന്ന 11 പേരിൽ കൊൽക്കത്തയിൽ നിന്നുള്ള ലഖാൻ ദാസ്(45), മകൻ ബാദൽ(23) എന്നിവരെ കടലിൽ കാണാതായിരുന്നു. തമിഴ്നാട്, കൊൽക്കത്ത സ്വദേശികളായ 9 പേർ പരുക്കുകളോടെ രക്ഷപ്പെട്ടു. ക്യാപ്റ്റൻ ലെ വാൻ ട്യുവാൻ ഉൾപ്പെടെ വിയറ്റ്നാം സ്വദേശികളായ 20 ക്രൂവാണ് കപ്പലിലുള്ളത്.

Source : Manorama News

1 hour ago

Home Flash News