തൃശൂർ റെയിൽവേ സ്റ്റേഷന് അടുത്ത ലവലിലേക്ക് ‘ടേക്ക്ഓഫ്’; ലാൻഡിങ് 2028 ജൂലൈ 21ന്
തൃശൂർ ∙ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ പടിഞ്ഞാറേ കവാടത്തിന് അഭിമുഖമായി പ്രധാന പ്രവേശന കവാടം. അവിടെ നിന്ന് എലിവേറ്റഡ് റോഡിലൂടെ വിശാലമായ പൂമുഖത്ത് (പോർട്ടിക്കോ) വന്നിറങ്ങാം. വരാന്തയിലൂടെ 24 മീറ്റർ വീതിയുള്ള വിശാലമായ നടപ്പാലത്തിലൂടെ (എയർ കോൺകോഴ്സ്) ലിഫ്റ്റോ എസ്കലേറ്ററോ വഴി വിവിധ പ്ലാറ്റ്ഫോമുകളിലേക്ക് ഇറങ്ങാം. 6 മീറ്റർ വീതിയിൽ 3 ഫുട് ഓവർ ബ്രിജും ഉണ്ടാകും. അതേ, വിമാനത്താവളം മാതൃകയിൽ നമ്മുടെ തൃശൂർ റെയിൽവേ സ്റ്റേഷനും മുഖം മിനുക്കുകയാണ്. 2028 ജൂലൈ 21ന് അകം പൂർത്തിയാക്കും വിധമാണ് 345 കോടി രൂപയുടെ ബൃഹദ് പദ്ധതി. അടുത്തവർഷം ജനുവരി 27ന് ആദ്യഘട്ടം പൂർത്തിയാക്കും. എയർ കോൺകോഴ്സ്, യാത്രക്കാരുടെ വിശ്രമമുറി, വിഐപി റൂം, ടിക്കറ്റ് കൗണ്ടർ എന്നിവ ഇതിൽ ഉൾപ്പെടും. പിന്നീട് ആറുമാസത്തെ ഇടവേളയ്ക്കു ശേഷം രണ്ടാംഘട്ടം ആരംഭിക്കും. ഈറോഡ് ശ്രീവെങ്കിടാചലപതി കൺസ്ട്രക്‌ഷൻസ് പ്രൈവറ്റ് ലിമിറ്റഡിന് ആണ് കരാർ ചുമതല. താഴെ പ്രത്യേക പാതയിലൂടെ വാഹനങ്ങൾക്കു പുറത്തേക്കു പോകാം.
11 മീറ്റർ ഉയരത്തിൽ പൂമുഖം ട്രെയിൻ കയറാൻ വരുന്നവർ പ്രധാന റോഡിലൂടെ സ്റ്റേഷനിലേക്ക് എലിവേറ്റഡ് റോഡിലൂടെ 11 മീറ്റർ ഉയരമുള്ള ആദ്യ നിലയിൽ ആണ് വന്നിറങ്ങുന്നത്. യാത്രക്കാരെ ഇറക്കി വാഹനങ്ങൾ താഴത്തെ റോഡിലൂടെ ദിവാൻജി മൂലയിലെ ഇപ്പോഴത്തെ പ്രധാന കവാടത്തിലൂടെ പുറത്തേക്കു പോകണം. നിലവിൽ പൂമുഖത്തിന് അഭിമുഖമുള്ള പാർക്കിങ് കേന്ദ്രങ്ങൾ അടിമുടി വിശാലമാകും. സമീപത്തായുള്ള റെയിൽവേ ക്വാർട്ടേഴ്സുകൾ ആറും പന്ത്രണ്ടും നിലകളുള്ള 2 ഫ്ലാറ്റ് സമുച്ചയങ്ങളാകും. ഒന്നിൽ 72 ഫ്ലാറ്റുകളും മറ്റൊന്നിൽ 24 ഫ്ലാറ്റുകളും സജ്ജമാക്കും. ആദ്യനിലയിലെ വിശാലമായ നടപ്പാലത്തിൽ വിശ്രമകേന്ദ്രം ഉൾപ്പെടെ അത്യാധുനിക സൗകര്യങ്ങളെല്ലാം യാത്രികർക്കു ലഭിക്കും. സ്റ്റേഷന്റെ പടിഞ്ഞാറേ ഭാഗത്തെ രണ്ടാമത്തെ പ്രവേശന കവാടവും പുനർനിർമിക്കും. ഇവിടെ ബസ് ബേ ഉൾപ്പെടെയുള്ള സൗകര്യങ്ങളുണ്ടാകും.
‘സറൂർ’ ആയേഗാ! റെയിൽവേ സ്റ്റേഷനിൽ എത്തിയാൽ അനൗൺസ്മെന്റിൽ ‘ആനേ കി സംഭാവന ഹെ’ (വരാൻ സാധ്യതയുണ്ട്) എന്നു കേൾക്കാത്തവരുണ്ടാകില്ല. എന്നാൽ മാറ്റത്തിന്റെ കാര്യത്തിൽ ഇനി സാധ്യതാ പ്രവചനമില്ല. 30,607 സ്ക്വയർ മീറ്റർ വിസ്തീർണത്തിൽ ആണ് പുതിയ നിർമിതികൾ. 7390 സ്ക്വയർ മീറ്ററിൽ പ്ലാറ്റ്ഫോം വികസനവും നടക്കും. നടപ്പാലവും (എയർ കോൺകോഴ്സും) 3 ഫുട് ഓവർ ബ്രിജുകളും ഇതിനു പുറമേ ആണ്. നാലാമത്തെ പ്ലാറ്റ്ഫോം നീളം കൂട്ടാനുമുള്ള പദ്ധതിയുമുണ്ട്. മൂന്നാം പാത വികസത്തിനുള്ള മുന്നൊരുക്കങ്ങളും നിർമാണത്തിൽ ഉൾപ്പെടുത്തും. അടുത്ത ജനുവരിയിൽ പൂർത്തിയാകുന്ന ആദ്യ ഘട്ടത്തോടെ യാത്രികരുമായി ബന്ധപ്പെട്ട എല്ലാം ഓഫിസുകളും പ്രവർത്തനസജ്ജമാകും. യാത്രികരുമായി നേരിട്ടു ബന്ധമില്ലാത്ത ഓഫിസുകൾ സ്റ്റേഷന്റെ പടിഞ്ഞാറേ ഭാഗത്തേക്കു മാറ്റും.
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് നിർമാണ പ്രവൃത്തികളുടെ ഭാഗമായി പ്രധാന കവാടത്തിലെ ടിക്കറ്റ് കൗണ്ടർ അടച്ചിരിക്കുകയാണ്. ടിക്കറ്റ് എടുക്കാൻ സ്റ്റേഷന്റെ വടക്കുഭാഗത്തെ പാഴ്സൽ ഓഫിസിനോടു ചേർന്ന പഴയ റിസർവേഷൻ ബിൽഡിങ്ങിൽ എത്തണം. റിസർവേഷൻ സൗകര്യവും വരിനിൽക്കാതെ ടിക്കറ്റ് എടുക്കാവുന്ന 4 ഓട്ടമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീനുകളും (എടിവിഎം) 2 കിയോസ്കുകളും ഇവിടെ ഉണ്ടാകും.