Select Location
All Locations
State
Region
City / District
ഇറാൻ ലക്ഷ്യമിട്ടത് ബഹ്റൈന്റെ ജനവാസ മേഖലകൾ; പ്രതിരോധിച്ച് വ്യോമസേന

ഇറാൻ ലക്ഷ്യമിട്ടത് ബഹ്റൈന്റെ ജനവാസ മേഖലകൾ; പ്രതിരോധിച്ച് വ്യോമസേന

മനാമ ∙ ബഹ്റൈനു നേരെ ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണത്തെ ശക്തമായി അപലപിച്ച് അധികൃതർ. ബഹ്റൈനിലെ ജനവാസ മേഖലകളും സിവിലിയൻ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ബഹ്റൈൻ പ്രതിരോധ സേന വിജയകരമായി പ്രതിരോധിച്ചതായും അറിയിച്ചു. രാജ്യത്തിന് നേരെ എത്തിയ മൂന്ന് മിസൈലുകളും ഒട്ടേറെ ഡ്രോണുകളും വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് ആകാശത്തു തന്നെ തകർത്തതായി ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് ജനറൽ കമാൻഡ് അറിയിച്ചു.

ഇറാന്റെ ഭാഗത്തുനിന്ന് തുടർച്ചയായുണ്ടാകുന്ന നിയമവിരുദ്ധമായ ഇത്തരം ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നതായും രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ സൈന്യത്തിന്റെ എല്ലാ വിഭാഗങ്ങളും അതീവ ജാഗ്രതയിലാണെന്നും അധികൃതർ വ്യക്തമാക്കി. ആക്രമണത്തെത്തുടർന്ന് തകർന്നുവീണ മിസൈലുകളുടെയും ഡ്രോണുകളുടെയും അവശിഷ്ടങ്ങളോ മറ്റ് സംശയാസ്പദമായ വസ്തുക്കളോ പൊതുജനങ്ങൾ ആരും തന്നെ തൊടുകയോ അവയ്ക്ക് സമീപത്തേക്ക് പോവുകയോ ചെയ്യരുതെന്ന് സൈന്യം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത്തരം വസ്തുക്കൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ നിയമാനുസൃത അധികൃതരെ വിവരമറിയിക്കണം.

അടിയന്തര സാഹചര്യങ്ങൾ നേരിടാനും ഇത്തരം അവശിഷ്ടങ്ങൾ സുരക്ഷിതമായി നീക്കം ചെയ്യാനും റോയൽ ഫീൽഡ് എൻജിനീയറിങ് യൂണിറ്റിലെ വിദഗ്ദ്ധ ഉദ്യോഗസ്ഥർ സജ്ജമാണെന്നും സ്വദേശികളുടെയും വിദേശികളുടെയും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ജനറൽ കമാൻഡ് കൂട്ടിച്ചേർത്തു.

Source : Manorama News

1 hour ago

Home Flash News