Select Location
All Locations
State
Region
City / District
ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമനേയി ജീവിച്ചിരിപ്പുണ്ടോ? വ്യക്തത നൽകി യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി

ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമനേയി ജീവിച്ചിരിപ്പുണ്ടോ? വ്യക്തത നൽകി യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി

ന്യൂയോർക്ക്: ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമനേയി ജീവിച്ചിരിപ്പുണ്ടെന്ന് വ്യക്തമാക്കി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ഫെബ്രുവരി 28-ലെ ആക്രമണത്തിൽ പരിക്കേറ്റ മൊജ്തബ ഖമനേയി ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും അദ്ദേഹം വീണ്ടും സജീവമായി പ്രവർത്തനങ്ങളിൽ ഇടപെടുന്നതായും മാർക്കോ റൂബിയോ പറഞ്ഞു. യുഎസ് സെനറ്റിന്റെ ഫോറിൻ റിലേഷൻസ് കമ്മിറ്റിക്ക് മുൻപാകെ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഫെബ്രുവരി 28-ന് യുഎസും ഇസ്രയേലും സംയുക്തമായി നടത്തിയ ആക്രമണത്തിലാണ് മൊജ്തബ ഖമനേയിക്ക് പരിക്കേറ്റത്. ഇതേ ആക്രമണത്തിൽ തന്നെയാണ് അദ്ദേഹത്തിന്റെ പിതാവും പരമോന്നത നേതാവുമായിരുന്ന ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടത്. ആയത്തുള്ള അലി ഖമനേയിയുടെ മരണത്തിന് പിന്നാലെയാണ് മൊജ്തബയെ ഇറാന്റെ പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ടത്. അതേസമയം, ആക്രമണത്തിൽ പരിക്കേറ്റ മൊജ്തബ ഖമനേയിയുടെ ആരോഗ്യനിലയെക്കുറിച്ച് ഇതിനിടെ പല അഭ്യൂഹങ്ങളും പുറത്തുവന്നിരുന്നു.

ഫോറിൻ റിലേഷൻസ് കമ്മിറ്റിക്ക് മുൻപാകെ സംസാരിക്കുന്നതിനിടെ ഇറാനുമായുള്ള സമാധാനക്കരാറിനെക്കുറിച്ചും മാർക്കോ റൂബിയോ പ്രത്യാശ പ്രകടിപ്പിച്ചു. അത് ഇന്നോ നാളെയോ അല്ലെങ്കിൽ അടുത്തയാഴ്ചയോ സംഭവിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ഹോർമുസ് കടലിടുക്ക് തുറക്കാൻ ഇറാൻ സമ്മതിക്കണമെന്നും അതുവഴിയുള്ള കപ്പലുകൾക്ക് നേരേയുള്ള വെടിവെപ്പ് അവസാനിപ്പിക്കണമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആവശ്യപ്പെട്ടു. ഇറാൻ ഇക്കാര്യങ്ങൾ അംഗീകരിച്ചാൽ ഹോർമുസിൽ സ്ഥാപിച്ച മൈനുകൾ യുഎസ് നീക്കംചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.

Source : Mathrubhumi News

1 hour ago

Home Flash News