സമ്പത്തിൽ വൻ കുതിപ്പ്, ഇലോൺ മസ്ക് ഒന്നാമത് തന്നെ, ലാറി എലിസന് വൻ നേട്ടം, ലോകത്തെ 10 ശതകോടീശ്വരന്മാർ
സമ്പത്തിൽ വൻ കുതിച്ചുചാട്ടവുമായി ലോകത്തെ പ്രമുഖ കോടീശ്വരന്മാർ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്ലൗഡ് കമ്പ്യൂട്ടിംഗ്, സാങ്കേതിക അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ കരുത്തിൽ ആഗോള ഓഹരി വിപണിയിലുണ്ടായ കുതിപ്പാണ് സമ്പത്ത് വീണ്ടും വർദ്ധിപ്പിച്ചിരിക്കുന്നത്.
ഇതോടെ വമ്പൻ കോടീശ്വരന്മാരുടെ ആകെ സമ്പാദ്യം ഇപ്പോൾ ഏകദേശം 2.9 ട്രില്യൺ ഡോളറിലെത്തിയിരിക്കുകയാണ്. എഐ മേഖലയിലെ വർദ്ധിച്ചുവരുന്ന നിക്ഷേപങ്ങൾ കാരണം കഴിഞ്ഞ ഒരു മാസത്തിനിടെ പ്രമുഖ ടെക്നോളജി കമ്പനികളുടെ ഓഹരി മൂല്യത്തിലുണ്ടായ വൻ വർദ്ധനവാണ് ഈ നേട്ടത്തിന് പ്രധാന കാരണം.
ഫോബ്‌സ് മാഗസിൻ പുറത്തുവിട്ട ഏറ്റവും പുതിയ ശതകോടീശ്വരന്മാരുടെ പട്ടിക പ്രകാരം ഒറാക്കിൾ കമ്പനിയുടെ സഹസ്ഥാപകനായ ലാറി എലിസനാണ് കഴിഞ്ഞ മാസം ഏറ്റവും കൂടുതൽ സാമ്പത്തിക നേട്ടമുണ്ടാക്കിയത്. അദ്ദേഹത്തിന്റെ സമ്പാദ്യത്തിൽ 71 ബില്യൺ ഡോളറിന്റെ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ അദ്ദേഹത്തിന്റെ ആകെ ആസ്തി 276 ബില്യൺ ഡോളറായി ഉയർന്നു. എഐ ഇൻഫ്രാസ്ട്രക്ചർ രംഗത്ത് ഒറാക്കിൾ കമ്പനിക്കുള്ള സ്വാധീനം വർദ്ധിച്ചതും നിക്ഷേപകർക്ക് കമ്പനിയിലുള്ള കടുത്ത വിശ്വാസവുമാണ് എലിസന് തുണയായത്.
ഡെൽ ടെക്നോളജീസിന്റെ സ്ഥാപകനായ മൈക്കൽ ഡെല്ലാണ് കഴിഞ്ഞ മാസം ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ രണ്ടാമത്തെ വ്യക്തി. എഐ വിപണിയിലെ കുതിച്ചുചാട്ടം ഡെൽ കമ്പനിയുടെ മൂല്യം ഉയർത്തിയതോടെ അദ്ദേഹത്തിന്റെ സമ്പാദ്യം 67 ബില്യൺ ഡോളർ വർദ്ധിച്ച് ആകെ ആസ്തി 244 ബില്യൺ ഡോളറിലെത്തി. ഈ മാസം കൈവരിച്ച മികച്ച സാമ്പത്തിക നേട്ടത്തോടെ ലാറി എലിസനും മൈക്കൽ ഡെല്ലും മെറ്റാ മേധാവി മാർക്ക് സക്കർബർഗിനെ പിന്നിലാക്കി റാങ്കിംഗിൽ മുന്നിലെത്തി.
തന്റെ സമ്പാദ്യത്തിലേക്ക് 7 ബില്യൺ ഡോളർ കൂടി കൂട്ടിച്ചേർക്കാനായെങ്കിലും ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റായുടെ ഓഹരികളിൽ 3 ശതമാനം മാത്രമാണ് വളർച്ചയുണ്ടായത്. ഇത് മറ്റ് മുൻനിര ടെക് കമ്പനികളെ അപേക്ഷിച്ച് കുറവായതിനാൽ സക്കർബർഗ് പട്ടികയിൽ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എങ്കിലും തന്റെ 41-ാം വയസ്സിലും ലോകത്തെ ഏറ്റവും ധനികരായ 10 വ്യക്തികളുടെ പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന പദവി മാർക്ക് സക്കർബർഗ് നിലനിർത്തി.
അതേസമയം ടെസ്‌ല, സ്പേസ് എക്സ് കമ്പനികളുടെ തലവനായ ഇലോൺ മസ്ക് ലോകത്തെ ഏറ്റവും വലിയ കോടീശ്വരൻ എന്ന പദവിയിൽ ബഹുദൂരം മുന്നിൽ തുടരുകയാണ്. കഴിഞ്ഞ മാസം മാത്രം തന്റെ സമ്പാദ്യത്തിലേക്ക് 53 ബില്യൺ ഡോളർ കൂടി കൂട്ടിച്ചേർത്ത മസ്കിന്റെ ആകെ ആസ്തി ഇപ്പോൾ 835 ബില്യൺ ഡോളറായി കണക്കാക്കപ്പെടുന്നു. അമേരിക്കക്കാരനല്ലാത്ത ഒരാൾ ഈ പട്ടികയിൽ ഏറ്റവും ഉയർന്ന സ്ഥാനത്തെത്തിയത് ഫ്രഞ്ച് ആഡംബര ബ്രാൻഡായ എൽവിഎംഎച്ചിന്റെ അധിപൻ ബെർണാഡ് അർനോൾട്ടാണ്. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ആദ്യ പത്ത് പേരുടെ പട്ടികയിൽ നിന്ന് പുറത്തായ അർനോൾട്ട്, എൽവിഎംഎച്ചിന്റെ ഓഹരി മൂല്യം 4 ശതമാനം ഉയർന്നതോടെ 148 ബില്യൺ ഡോളർ ആസ്തിയുമായി ഒൻപതാം സ്ഥാനത്തേക്ക് തിരിച്ചെത്തി. പുതിയ പട്ടിക പ്രകാരം ലോകത്തെ ഏറ്റവും ധനികരായ ആദ്യ പത്ത് വ്യക്തികളിൽ 835 ബില്യൺ ഡോളറുമായി ഇലോൺ മസ്ക് ഒന്നാം സ്ഥാനത്തും, 309 ബില്യൺ ഡോളറുമായി ഗൂഗിൾ സഹസ്ഥാപകൻ ലാറി പേജ് രണ്ടാം സ്ഥാനത്തും തുടരുന്നു. തൊട്ടുപിന്നാലെ ഗൂഗിളിന്റെ തന്നെ സെർജി ബ്രിൻ (285 ബില്യൺ ഡോളർ), ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് (277 ബില്യൺ ഡോളർ), ഒറാക്കിളിന്റെ ലാറി എലിസൻ (276 ബില്യൺ ഡോളർ), ഡെൽ ടെക്നോളജീസിന്റെ മൈക്കൽ ഡെൽ (244 ബില്യൺ ഡോളർ) എന്നിവർ യഥാക്രമം മൂന്ന് മുതൽ ആറ് വരെയുള്ള സ്ഥാനങ്ങൾ പങ്കിടുന്നു. മെറ്റയുടെ മാർക്ക് സക്കർബർഗ് (217 ബില്യൺ ഡോളർ) ഏഴാം സ്ഥാനത്തും, അർദ്ധചാലക മേഖലയിലെ പ്രമുഖനായ ജെൻസൻ ഹുവാങ് (182 ബില്യൺ ഡോളർ) എട്ടാം സ്ഥാനത്തും, എൽവിഎംഎച്ചിന്റെ ബെർണാഡ് അർനോൾട്ട് (148 ബില്യൺ ഡോളർ) ഒൻപതാം സ്ഥാനത്തുമാണ് ഉള്ളത്.