Select Location
All Locations
State
Region
City / District
വസ്ത്രമല്ല, രാഷ്ട്രീയം'; കറുപ്പും വെളുപ്പും സ്യൂട്ടിന്റെ രഹസ്യം പരസ്യമാക്കി വിജയ്!

വസ്ത്രമല്ല, രാഷ്ട്രീയം'; കറുപ്പും വെളുപ്പും സ്യൂട്ടിന്റെ രഹസ്യം പരസ്യമാക്കി വിജയ്!

തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള തന്റെ ആദ്യത്തെ പൊതുറാലിയിൽ രാഷ്ട്രീയ എതിരാളികൾക്ക് കടുത്ത ഭാഷയിൽ മറുപടി നൽകി തമിഴക വെട്രി കഴകം അധ്യക്ഷൻ സി. ജോസഫ് വിജയ്. തിരുച്ചിറപ്പള്ളിയിൽ നടന്ന റാലിയിൽ സംസാരിക്കവെയാണ്, തന്റെ വസ്ത്രധാരണത്തെയും രാഷ്ട്രീയ നിലപാടുകളെയും പരിഹസിച്ച ഡിഎംകെയ്ക്കെതിരെ വിജയ് ആഞ്ഞടിച്ചത്. താൻ പൊതുവേദികളിൽ കോട്ടും സ്യൂട്ടും ധരിക്കുന്നതിനെച്ചൊല്ലി ഉയരുന്ന രാഷ്ട്രീയ വിവാദങ്ങളെ അദ്ദേഹം പൂർണ്ണമായും തള്ളിക്കളഞ്ഞു.

വസ്ത്രധാരണം എന്നത് അധികാരത്തിലുള്ളവർക്ക് മാത്രം അവകാശപ്പെട്ട ഒന്നല്ലെന്ന് വിജയ് റാലിയിൽ ഓർമ്മിപ്പിച്ചു. താൻ ധരിക്കുന്ന സ്യൂട്ടുകൾ വെറുമൊരു ഫാഷൻ സ്റ്റേറ്റ്‌മെന്റല്ല, മറിച്ച് വ്യക്തമായ ഒരു രാഷ്ട്രീയ സന്ദേശമാണെന്ന് അദ്ദേഹം വ്യക്തമാക്കി. താൻ വ്യത്യസ്ത നിറങ്ങളിലുള്ള സ്യൂട്ടുകൾ ധരിക്കാറില്ലെന്നും കറുപ്പും വെളുപ്പും നിറങ്ങൾ മാത്രമാണ് തിരഞ്ഞെടുക്കാറുള്ളതെന്നും വിജയ് പറഞ്ഞു. തന്റെ രാഷ്ട്രീയം ഈ വസ്ത്രം പോലെ തന്നെ കറുപ്പും വെളുപ്പും ആയിരിക്കുമെന്നും, കാര്യങ്ങളിൽ ഒളിച്ചുകളിയില്ലാതെ കൃത്യമായ നിലപാട് എടുക്കുമെന്നതിന്റെ തെളിവാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിലെ കറുപ്പ് നിറം എന്തിനെയാണ് സൂചിപ്പിക്കുന്നതെന്ന് തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് പ്രത്യേകം പറഞ്ഞു കൊടുക്കേണ്ടതില്ലെന്നും ദ്രാവിഡ രാഷ്ട്രീയത്തിന്റെ പാരമ്പര്യം ഉയർത്തിപ്പിടിച്ച് വിജയ് വ്യക്തമാക്കി.

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ടിവികെയെ വൻ വിജയത്തിലേക്ക് നയിച്ച വോട്ടർമാർക്ക് നന്ദി പറയാനാണ് തിരുച്ചിറപ്പള്ളിയിലെ സെന്റ് ജോസഫ് കോളേജ് ഗ്രൗണ്ടിൽ റാലി സംഘടിപ്പിച്ചത്. തന്റെ രാഷ്ട്രീയ പ്രവേശനത്തെയും വോട്ടുവിഹിതത്തെയും മുൻ മുഖ്യമന്ത്രി എംജിആറിന്റെ രാഷ്ട്രീയ അരങ്ങേറ്റവുമായി താരതമ്യം ചെയ്യുന്നതിനോടും വിജയ് പ്രതികരിച്ചു. ആദ്യ തെരഞ്ഞെടുപ്പിൽ എംജിആറിന് പോലും ലഭിക്കാത്ത പിന്തുണയാണ് ടിവികെയ്ക്ക് ജനങ്ങൾ നൽകിയതെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നുണ്ട്. എന്നാൽ താൻ ഒരിക്കലും എംജിആറുമായി സ്വയം താരതമ്യം ചെയ്യില്ലെന്നും, എംജിആറും അണ്ണായും പെരിയാറും കാണിച്ചുതന്ന വഴിയിലൂടെ ജനങ്ങൾക്കായി പ്രവർത്തിക്കാൻ വന്ന 'നിങ്ങളുടെ സ്വന്തം വിജയ്' ആണ് താനെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭരണത്തിലേറി ഏതാനും ആഴ്ചകൾ മാത്രമേ ആയിട്ടുള്ളൂവെങ്കിലും ഡിഎംകെ തങ്ങൾക്കെതിരെ നിരന്തരം ആക്രമണം അഴിച്ചുവിടുകയാണെന്ന് വിജയ് കുറ്റപ്പെടുത്തി. അധികാരത്തിൽ വന്ന് ആറ് മാസം വരെ നിശബ്ദരായിരിക്കുമെന്ന് പറഞ്ഞവർക്ക് ആറ് ദിവസം പോലും തികയ്ക്കാനായില്ലെന്ന് അദ്ദേഹം പരിഹസിച്ചു. വർഷങ്ങളായി ജനങ്ങളെ മാറിമാറി വഞ്ചിച്ച രണ്ട് പ്രമുഖ കക്ഷികളെ തള്ളിക്കളഞ്ഞാണ് തമിഴ്‌നാട്ടിലെ ജനങ്ങൾ തന്നെ മുഖ്യമന്ത്രിയായല്ല, മറിച്ച് ജനങ്ങളുടെ 'ഒന്നാമത്തെ സേവകനായി' തിരഞ്ഞെടുത്തതെന്നും വിജയ് ഓർമ്മിപ്പിച്ചു.

കുതിരക്കച്ചവടത്തിലൂടെയാണ് ടിവികെ സർക്കാർ രൂപീകരിച്ചതെന്ന പ്രതിപക്ഷ ആരോപണങ്ങളെ അദ്ദേഹം പൂർണ്ണമായി തള്ളി. വോട്ട് ബാങ്ക് രാഷ്ട്രീയത്തിനും ജാതി-മത ചിന്തകൾക്കും അതീതമായാണ് ജനങ്ങൾ ടിവികെയെ തിരഞ്ഞെടുത്തത്. തമിഴ്‌നാട്ടിൽ ഇനി രാഷ്ട്രീയ പോരാട്ടം ഡിഎംകെയും ടിവികെയും തമ്മിൽ മാത്രമാണെന്നും, ഇവർക്കിടയിൽ മറ്റൊരു കക്ഷിക്കും ഇനി സ്ഥാനമില്ലെന്നും എഐഎഡിഎംകെയുടെ പേരെടുത്ത് പറയാതെ വിജയ് വ്യക്തമാക്കി. മെയ് 10-ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം വിജയ് പങ്കെടുത്ത ഏറ്റവും വലിയ രാഷ്ട്രീയ ശക്തിപ്രകടനമായിരുന്നു തിരുച്ചിറപ്പള്ളിയിലേത്.

Source : One India Malayalam

1 hour ago

Home Flash News