Select Location
All Locations
State
Region
City / District
സഞ്ജുവോ ശ്രേയസോ അല്ല; സൂര്യകുമാറിന് പകരം ഇന്ത്യയെ നയിക്കാൻ സര്‍പ്രൈസ് പേരുമായി മുന്‍ സെലക്ടര്‍

സഞ്ജുവോ ശ്രേയസോ അല്ല; സൂര്യകുമാറിന് പകരം ഇന്ത്യയെ നയിക്കാൻ സര്‍പ്രൈസ് പേരുമായി മുന്‍ സെലക്ടര്‍

ദില്ലി: ഇന്ത്യൻ ടി20 ടീമിന്‍റെ നായകസ്ഥാനത്തു നിന്നും കളിക്കാരനെന്ന നിലയിലും സൂര്യകുമാര്‍ യാദവിനെ ഒഴിവാക്കേണ്ട സമയമായെന്ന് മുൻ ഇന്ത്യൻ താരവും സെലക്ടറുമായിരുന്ന സാബ കരിം. 2028-ലെ ടി20 ലോകകപ്പ് ലക്ഷ്യമിട്ടാണ് സെലക്ടർമാർ മുന്നോട്ട് പോകുന്നതെങ്കിൽ സൂര്യകുമാറിന് കളിക്കാരനെന്ന നിലയില്‍ പോലും ഇനി ടീമിൽ സ്ഥാനമുണ്ടാകില്ലെന്ന് സാബാ കരീം പറഞ്ഞു. 35-കാരനായ സൂര്യകുമാറിന് ഐപിഎല്ലിലും അന്താരാഷ്ട്ര തലത്തിലും സമീപകാലത്ത് ഫോമിലാവാനായിരുന്നില്ല. കഴിഞ്ഞ ഐപിഎല്ലിൽ 13 മത്സരങ്ങളിൽ നിന്ന് വെറും 270 റൺസ് മാത്രമാണ് സൂര്യകുമാറിന് നേടാനായത്. 147.54 സ്ട്രൈക്ക് റേറ്റിലുള്ള താരത്തിന്‍റെ പ്രകടനത്തിൽ രണ്ട് അർധസെഞ്ച്വറികൾ മാത്രമാണ് ഉണ്ടായിരുന്നത്.

നിലവിലെ ഫോം വെച്ചുനോക്കിയാൽ സെലക്ടർമാരുടെ ഭാവി പദ്ധതികളിൽ സൂര്യകുമാർ യാദവ് ഉണ്ടാകാൻ സാധ്യതയില്ല. മുൻപ് രോഹിത് ശർമ്മയിൽ നിന്നും വിരാട് കോലിയിൽ നിന്നും മാറി ചിന്തിച്ച് സെലക്ടർമാർ പുതിയൊരു ടീമിനെ കെട്ടിപ്പടുത്തത് നമ്മൾ കണ്ടതാണ്. 2028 ടി20 ലോകകപ്പ് മുന്നിൽക്കണ്ട് അങ്ങനെയൊരു മാറ്റം ഇപ്പോൾ പ്രതീക്ഷിക്കാം. ലോകകപ്പിലും ഐപിഎല്ലിലും സൂര്യകുമാറിന്‍റെ പ്രകടനം വളരെ മോശമായിരുന്നു. സെലക്ടർമാർ ഇനി മുന്നോട്ട് ചിന്തിക്കേണ്ട സമയമായെന്നും സാബ കരീം വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞു. സൂര്യകുമാറിന് ശേഷം ആരായിരിക്കണം ഇന്ത്യൻ ക്യാപ്റ്റൻ എന്ന ചോദ്യത്തിന് മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെടെയുള്ളവരുടെ പേരുകൾ ഉയര്‍ന്നു കേള്‍ക്കുന്നുണ്ടെങ്കിലും സർപ്രൈസ് പേരാണ് സാബാ കരീം നിർദ്ദേശിച്ചത്. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ തുടർച്ചയായി രണ്ട് തവണ ഐപിഎൽ കിരീടത്തിലേക്ക് നയിച്ച രജത് പാട്ടിദാറാണ് സൂര്യകുമാറിന്‍റെ പിന്‍ഗാമിയായി ഇന്ത്യൻ നായകനാവേണ്ടതെന്ന് സാബാ കരീം പറഞ്ഞു. 33-കാരനായ പാട്ടിദാർ ഇതുവരെ ഇന്ത്യക്കായി ടി20യിൽ അരങ്ങേറിയിട്ടില്ല.

ക്യാപ്റ്റൻ സ്ഥാനത്തേക്ക് രജത് പാട്ടിദാറിന്‍റെ പേരാണ് ഞാന്‍ നിർദ്ദേശിക്കുന്നത്. തുടർച്ചയായി രണ്ട് ഐപിഎൽ കിരീടങ്ങൾ നേടുക എന്നത് വലിയൊരു കാര്യമാണ്. വളരെ ശാന്തനായും ആത്മവിശ്വാസത്തോടെയുമാണ് അവൻ ആ ദൗത്യം നിർവ്വഹിച്ചത്. വലിയ സൂപ്പർ താരങ്ങളും വിദേശ കളിക്കാരും അടങ്ങുന്ന, അനുഭവസമ്പന്നരായ ഒരുപറ്റം ലെജൻഡ്സിനെ നയിക്കുക എന്നത് കടുത്ത വെല്ലുവിളിയാണ്. പാട്ടിദാർ അത് ഭംഗിയായി ചെയ്തു. പാട്ടിദാറിന് പുറമെ ശ്രേയസ് അയ്യർ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ എന്നിവരും ക്യാപ്റ്റൻ സ്ഥാനത്തേക്ക് ശക്തമായ പോരാട്ടത്തിലുണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് സെലക്ടർമാർ പരിഗണിക്കാൻ സാധ്യതയില്ലെന്നാണ് സാബ കരീമിന്‍റെ വിലയിരുത്തൽ. കഴിഞ്ഞ ഐപിഎൽ സീസണിൽ മുംബൈ ഇന്ത്യൻസ് പ്ലേഓഫിൽ കടന്നെങ്കിലും ഹാർദിക്കിന്‍റെ നേതൃപാടവത്തെക്കുറിച്ച് വലിയ ചോദ്യങ്ങൾ ഉയർന്നിരുന്നു. നിലവിലെ ഫോം വെച്ച് ഹാർദിക്കിന് ഇന്ത്യൻ ടീമിന്‍റെ ക്യാപ്റ്റൻ സ്ഥാനം അർഹിക്കുന്നില്ലെന്നും സാബാ കരീം പറഞ്ഞു. വൈഭവ് സൂര്യവംശിയെ ഇന്ത്യൻ ടീമിലേക്ക് ഉടൻ പരിഗണിക്കണമെന്നും മുൻ സെലക്ടർ ആവശ്യപ്പെട്ടു. നിലവിൽ ശ്രീലങ്കയിൽ നടക്കുന്ന ത്രിരാഷ്ട്ര (എ) പരമ്പരയിൽ താരം മികച്ച പ്രകടനം പുറത്തെടുത്താൽ വൈഭവിന് ഇന്ത്യൻ ടീമിലേക്ക് വിളി വന്നേക്കും. ഇത്തരം അസാധാരണ പ്രതിഭകളെ എത്രയും വേഗം ടീമിലെടുത്ത് വളർത്തിയെടുക്കണമെന്നാണ് സാബ കരീം പറഞ്ഞു.

Source : Asianet News

1 hour ago

Home Flash News