Select Location
All Locations
State
Region
City / District
നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കട്ടെ

നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കട്ടെ

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഎം നേതാവുമായ പി.പി.ദിവ്യ ആരോപണവിധേയയായ, എഡിഎം നവീന്‍ ബാബുവിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം സിബിഐക്ക് വിടാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹമാണ്. ഇത് സംബന്ധിച്ച വിജ്ഞാപനം ഉടന്‍ പുറപ്പെടുവിക്കുമെന്നാണ് കരുതപ്പെടുന്നത്. നവീന്‍ ബാബുവിന്റെ കുടുംബത്തിന്റ ആവശ്യം പരിഗണിച്ചാണ് നടപടി. പിണറായി സര്‍ക്കാരിന്റെ ഭരണകാലത്ത് നടന്ന പോലീസ് അന്വേഷണത്തില്‍ കുടുംബം അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പോലീസ് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ ദിവ്യ മാത്രമാണ് പ്രതി. ഇനി സിബിഐയാണ് കേസില്‍ തീരുമാനമെടുക്കേണ്ടത്. എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന് ജീവനക്കാര്‍ നല്‍കിയ യാത്രയയപ്പ് സമ്മേളനത്തില്‍ ക്ഷണിക്കപ്പെടാതെ എത്തിയ ദിവ്യ, സത്യസന്ധനായ ഈ ഉദ്യോഗസ്ഥനെ അഴിമതിക്കാരനായി ചിത്രീകരിച്ച് പ്രസംഗിക്കുകയും, ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഒരു പെട്രോള്‍ പമ്പിന് അനുമതി നല്‍കാന്‍ നവീന്‍ ബാബു കൈക്കൂലി വാങ്ങി എന്നായിരുന്നു ദിവ്യ ആരോപിച്ചത്. ഈ അപമാനം സഹിക്കാനാവാത്ത നവീന്‍ ബാബുവിനെ കണ്ണൂര്‍ പള്ളിക്കുന്നിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

കണ്ണൂര്‍ ടൗണ്‍ പോലീസ് അന്വേഷിച്ച കേസില്‍ തലശ്ശേരി അഡിഷണല്‍ ജില്ലാ സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. ഈ അന്വേഷണത്തില്‍ പോ രായ്‌മകളുണ്ടെന്ന് പറഞ്ഞ് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ കോടതിയെ സമീപിച്ചു. ഫോണ്‍ രേഖകള്‍, സിസിടിവി ദൃശ്യങ്ങള്‍, പെട്രോള്‍ പമ്പ് അപേക്ഷകനായ പ്രശാന്തിന്റെ ബാങ്ക് രേഖകള്‍ എന്നിവ കേന്ദ്രീകരിച്ച് അന്വേഷണം നടത്തണമെന്നായിരുന്നു ആവശ്യം. കോടതിയുടെ നിര്‍ദേശപ്രകാരം തുടരന്വേഷണം നടത്തി റിപ്പോര്‍ട്ടു സമര്‍പ്പിക്കുകയും ചെയ്തു. നവീന്‍ ബാബുവിന്റെ കുടുംബം ഈ റിപ്പോര്‍ട്ടില്‍ അതൃപ്തി പ്രകടിപ്പിച്ചു. കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യത്തില്‍ കുടുംബം ഉറച്ചുനില്‍ക്കുകയായിരുന്നു.

ഇതിനിടെയാണ് കുടുംബത്തിന്റെ ആവശ്യം പരിഗണിച്ച് കേസ് സിബിഐ അന്വേഷണത്തിന് വിടുമെന്ന് സര്‍ക്കാര്‍ പറഞ്ഞിരിക്കുന്നത്. നവീന്‍ ബാബുവിന്റെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന സംശയം ആദ്യമേ ഉയര്‍ന്നിരുന്നു. തങ്ങള്‍ക്ക് വഴങ്ങാത്തവരെ ആക്രമിക്കുകയും, ശാരീരികമായി ഇല്ലാതാക്കുകയും ചെയ്യുന്ന പാര്‍ട്ടിയാണ് സിപിഎം. നവീന്‍ ബാബുവിന്റെ മരണത്തില്‍ ആരോപണ വിധേയയായ ദിവ്യ തെറ്റുചെയ്‌തെന്ന് പാര്‍ട്ടിപോലും കരുതുന്നുണ്ട്. അതുകൊണ്ടാണല്ലോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തു നിന്ന് മാറ്റുകയും, പാര്‍ട്ടിയില്‍ തരംതാഴ്‌ത്തുകയും ചെയ്തത്. ജനരോഷം തണുപ്പിച്ച് സ്വന്തം നേതാവിനെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് സിപിഎം നടത്തിയതെന്ന് കരുതുന്നവരുമുണ്ട്. പാര്‍ട്ടിക്കുവേണ്ടിയാണ് താന്‍ എല്ലാം ചെയ്തതെന്ന ഭാവത്തിലായിരുന്നു ദിവ്യയുടെ പ്രതികരണം.

കേസ് സിബിഐ അന്വേഷിച്ചാല്‍ സിപിഎമ്മിന് പേടിക്കാന്‍ ഏറെയുണ്ട്. പെട്രോള്‍ പമ്പ് തുടങ്ങാന്‍ അപേക്ഷ സമര്‍പ്പിച്ച പ്രശാന്ത് പാര്‍ട്ടിയിലെ ആരുടെയോ ബിനാമിയാണെന്ന സംശയം ഉയര്‍ന്നിരുന്നു. നിബന്ധനകള്‍ക്ക് നിരക്കാത്തതിനാലാണ് എഡിഎം നവീന്‍ ബാബു പെട്രോള്‍ പമ്പിന് അനുമതി കൊടുക്കാതിരുന്നത്. അഴിമതി വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ ഈ ഉദ്യോഗസ്ഥന്‍ ഇല്ലാതാവേണ്ടത് ആരുടെയെങ്കിലും ആവശ്യമായിരുന്നോ? കണ്ണൂരിന്റെ മലയോര മേഖലയില്‍ സിപിഎം നേതാക്കള്‍ക്ക് അനധികൃതമായ ഭൂമിയിടപാടുകളുണ്ടോ? കേസ് സിബിഐ അന്വേഷിച്ചാല്‍ ഈ വിവരങ്ങളെല്ലാം പുറത്തുവരാനുള്ള സാധ്യതയുണ്ട്. ഇതിനാലാണ് സിബിഐ അന്വേഷണത്തെ എതിര്‍ത്ത് സിപിഎം രംഗത്ത് വന്നിട്ടുള്ളതെന്ന് കരുതേണ്ടിയിരിക്കുന്നു. അതേസമയം ടിപി വധക്കേസിലെ അന്വേഷണം, കൊല്ലിച്ചവരിലേക്ക് പോകാതിരിക്കാന്‍ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ സിപിഎമ്മുമായി ഒത്തുകളിച്ചതായുള്ള ആരോപണം നിലനില്‍ക്കുന്നു. അതുപോലെ ഈ കേസിലും ഒത്തുകളി സംഭവിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

Source : Janmabhumi

1 hour ago

Home Flash News